'ഒളിത്താവളം

കവിത
'ഒളിത്താവളം'

നമുക്ക്,
എത്രയെത്ര
സന്ദേശങ്ങളും
സന്ദേഹങ്ങളുമാണ്.

പുരയെക്കുറിച്ച്,
പുരയില്ലായ്മയെക്കുറിച്ച്,
പുരപ്പുറത്തെ മഴയെക്കുറിച്ച്,
വരൾച്ചയെക്കുറിച്ച്,

ഉറക്കത്തെക്കുറിച്ച്,
ഒരുക്കത്തെക്കുറിച്ച്,
കഴിപ്പിനെക്കുറിച്ച്,
കഴിപ്പിക്കലിനെക്കുറിച്ച്,
വിശപ്പിനെക്കുറിച്ച്
വിശപ്പില്ലായ്മയെക്കുറിച്ച്

വേണ്ടതിനെക്കുറിച്ച്,
വേണ്ടാത്തതിനെക്കുറിച്ച്,
കാണുന്നവയെക്കുറിച്ച്,
കാണാത്തവയെക്കുറിച്ച്,

പുകയെക്കുറിച്ച്,
പകയെക്കുറിച്ച്,
കൊല്ലുന്നതിനെക്കുറിച്ച്
കൊല്ലപ്പെടുന്നതിനെക്കുറിച്ചു്

സത്യമേത്,
അസത്യമേതെന്ന
അന്വേഷണത്തെക്കുറിച്ച്.

നീ ആര്?
ഞാനാരെന്ന
അഹംഭാവത്തെക്കുറിച്ച്,

'മൽപ്പിടുത്തങ്ങൾക്ക് നടുവിൽ
ഞെരിഞ്ഞമരുന്ന തലച്ചോറിനെ
സമ്മതിക്കണം'

സന്ദേശങ്ങളും സന്ദേഹങ്ങളും കൊണ്ട്
ശ്വാസം മുട്ടുന്ന -
തലച്ചോറിന്റെ ,
ഏത് കോണിലാണ്
"ഇതെന്റെ ഹൃദയമാണ്,
എറിഞ്ഞുടയ്ക്കുകയെന്ന്"
പതറാതെ പാടുന്ന
എന്റെ
കവിതയെ
നീ
ഒളിപ്പിച്ചിരിക്കുന്നത്..

ജോയ് തമലം

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്