കവിത 'പറമ്പിലെ കിണർ' ജോയ് തമലം

കവിത
'പറമ്പിലെ കിണർ'
ഇരുണ്ട ആഴമാണ്
തുള്ളി ചുരത്താത്ത
പൊട്ടക്കിണർ.

പാമ്പും
പാഴ്വസ്തുക്കളും
മുള്ളും
മുഷിഞ്ഞ
വസ്ത്രങ്ങളും
തുള്ളിത്തിമിർക്കുന്ന കുഴി.
പറമ്പിന്റെ അതിര്,
ആൾമറയില്ലാത്ത,
മരണ വഴി.

കല്ലുകെട്ടി മുഖം മിനുക്കി
കയറുകെട്ടി ,കപ്പികെട്ടി
ഒച്ചക്കൂട്ടി,
തൊട്ടിക്കെട്ടി
മുങ്ങിനോക്കി,

കാരിരുമ്പുപോൽ ഉറച്ചപാറയിൽ
കാനനങ്ങൾവിറങ്ങലിക്കേ,
കണ്ണുപൊട്ടിയ കാലമിത്തിരി
തുള്ളിനീര് ദാഹിച്ചു പോകെ,
വരണ്ട നാവിന്റെ അകിടിലേക്ക്
വെള്ളമിറ്റിക്കുവാൻ
മോഹമുണ്ടെങ്കിലുമാവാതെ
നെഞ്ചുപൊട്ടുന്നുണ്ടാവണം.

ആട്ടിയോടിച്ച വീട്ടുകാരുടെ,
വയറ്റിലുണ്ടാക്കി ചതിച്ചവന്റെ,
നെഞ്ചുകുത്തിപ്പൊളിക്കുവാനാകാതെ
എത്ര പെണ്ണുങ്ങളിക്കിണറിൽ
സന്ധ്യയുണ്ട് മയങ്ങുന്നുണ്ടാകണം.
കണ്ണുകെട്ടിയുള്ള രാത്രിയാത്രയിൽ
കല്ലുതട്ടിയെത്ര പേർ
ഇക്കിണറിൽ വീണിരിക്കാം.

ഇതേ കിണറിലാണ്,
കാലിടറുമ്പോൾ
ഞാനും
നീയും
വീണുപോകുന്നത്.

ജോയ് തമലം

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്