കഥ : ബ്രോക്കൺ മീശ: ജോയ് തമലം
'ബ്രോക്കൺ മീശ'
പോകാനുള്ള തിടുക്കത്തിലായിരുന്നു.ചുമരിലെ തിരുഹൃദയത്തിൽ വിരൽതൊട്ട് ചുംബിച്ച് കുരിശുവരച്ച് ഇറങ്ങാൻ തുടങ്ങിയതാണ്. അപ്പോഴാണ് അപരിചിതൻ വാതിൽക്കലെത്തിയത്.
അറിഞ്ഞില്ലേ എന്ന ചോദ്യത്തോടെ, മുഖവുരയില്ലാതെ അയാൾ പറഞ്ഞു തുടങ്ങി,
ബാബുവേട്ടൻ മരിച്ചു, അറിഞ്ഞില്ലേ എന്ന് വീണ്ടും ചോദിച്ച് അയാൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു നിമിഷം ബോധമറ്റവനെ പോലെ നിന്നു. എപ്പോൾ എങ്ങനെ എന്നിങ്ങനെയുള്ള പതിവ് മറുചോദ്യങ്ങൾ ഉരുക്കഴിക്കും മുമ്പേ പകുതി ചാരിയ വരാന്ത വാതിലിലൂടെ അകത്തെ ചുമരിലെ തിരുഹൃദയത്തിലേക്ക് നോക്കി, മനസ്സുകൊണ്ട് പറഞ്ഞു.'നന്മനിറഞ്ഞവിന്റെ ആത്മാവിന് സ്വസ്ഥി കൊടുക്കണേ'
സത്യം പറഞ്ഞാൽ ബാബുവേട്ടൻ ആരായിരുന്നു. അല്ല അയാളുടെ മരിച്ചടക്ക് സംബന്ധിച്ച് അപരിചിതൻ എന്തിനാണ് അവനോട് പോയി പറഞ്ഞത്. അവിടെയാണ് കഥ തുടങ്ങുന്നത്.
അമ്പതിനും അറുപതിനും മധ്യേ ആകണം പ്രായം.എപ്പോഴും ചിരിക്കുന്ന മുഖം, നന്നെ മെലിഞ്ഞ സ്വരൂപം. കഷണ്ടി കയറിത്തുടങ്ങിയ തലയിൽ മുടി അൽപ്പം നീളത്തിൽ പുറകുവശത്തേക്ക് ചീകി ഒതുക്കി വച്ചിട്ടുണ്ട്. ഫുൾ സ്ലീവ് ഷർട്ട് എല്ലായിപ്പോഴും കൈപ്പത്തിവരെ മറയും വിധമാണ് ധരിക്കുക.മുണ്ടുടുത്ത് മാത്രമെ കണ്ടിട്ടുള്ളൂ. പിന്നെ ഒരു പഴയ പഴയ ബിഎസ്എ സൈക്കിളിലാണ് സഞ്ചാരം. ദിനേശ് ബീഡി പതിവായി ചുണ്ടിൽ കാണും, ചിലപ്പോൾ കൈവിരലുകൾ കൊണ്ട് ബീഡി തെറുത്തുകൊണ്ടായിരിക്കും സംസാരിക്കുക. വലതുകൈയും വലതുകാലും തളർന്നിട്ടുണ്ട്. സ്ട്രോക്ക് വന്നതാണെന്ന് ബാബുവേട്ടൻ തന്നെ പറഞ്ഞിരുന്നു. പകുതി ചലനമറ്റ ശരീരം ആ ചെറു സൈക്കിളിൽ കയറി മുന്നോട്ട് പോകുന്നത് പലപ്പൊഴും അവൻ നോക്കി നിന്നിട്ടുണ്ടാകണം.
ആദ്യമായി കണ്ടത് എവിടെ വച്ചാണ്, ഓർമയിൽ തപ്പിത്തടഞ്ഞാണ് അവൻ ഓഫീസിലേക്ക് വണ്ടി ഓടിച്ചത്. ചെറിയ ദുരത്തിനിടെ വിവിധങ്ങളായ കൂടിക്കാഴ്ചകൾ അവന്റെ ഉള്ളിൽ മിന്നി മാഞ്ഞു. ഒടുവിൽ കണ്ടതിനെക്കുറിച്ചോ സംസാരിച്ചതിനെക്കുറിച്ച്
അവൻ ഓർക്കാൻ ശ്രമിച്ചില്ല, കാരണം മറ്റൊന്നുമല്ല ഇത്തിരി വൈകാരിക സംഭവങ്ങളുടെ നടുവിലെവിടെയോ വച്ചാണ് ബാബുവേട്ടനെ അവൻ അവസാനമായി കണ്ടത്.
ഫോൺ വിളിച്ചതും അത്തരം ഏതോ പ്രതിസന്ധി ഘട്ടത്തിലാണ്.
വണ്ടിക്ക് പിന്നിൽ ബാബുവേട്ടൻ ഇരിക്കുന്ന പോലെ അവന് തോന്നി. ബാബുവേട്ടൻ സംസാരിക്കാൻ നന്നെ പാടുപെടുന്നുണ്ടായിരുന്നു. 'ഞാൻ ഒരാഴ്ച ആശുപത്രിയിലായിരുന്നു', സ്വതവേ പകുതി മുറിഞ്ഞുപോകുന്ന വാക്കുകൾ അന്ന് വീണ്ടും വീണ്ടും മുറിഞ്ഞു. വലതു കൈപ്പത്തി അവന് നേരെ ബാബുവേട്ടൻ നീട്ടി, അവിടെ ഒരു മുറിവുണ്ടായിരുന്നു,ആശുപത്രി വാസത്തിന്റെ ഓർമയ്ക്കെന്നവണ്ണം ഒരു പ്ലാസ്റ്ററും ഒട്ടിച്ചിരുന്നു. വീണ്ടും ബാബുവേട്ടൻ കൈ കാട്ടി പറഞ്ഞു 'ഒരാഴ്ച ഞാൻ ആശുപത്രിയിലായിരുന്നു'. 'ഇത് അഞ്ചാം തവണയാണ് മരിച്ച് ഉയിർക്കുന്നത്'.' ഇക്കൊല്ലം തട്ടിപ്പോകുമെന്ന് തന്നെ എല്ലാവരും കരുതിയിരിക്കണം', 'എവിടെ ഞനല്ലേ ആള്','മരിക്കാനൊന്നും സമയമായിട്ടില്ലന്നേ','ഇനിയും പോകും', 'ഇനിയൊരു ബൈപ്പാസുണ്ട്', 'ഉടനെ വേണം' .ബാബുവേട്ടന്റെ സ്വരം ഇടറുകയും പല ആവർത്തി മുറിയുകയും ചെയ്തു.
കൂടുതൽ സംസാരിക്കേണ്ടതില്ലെന്ന് അവൻ വിലക്കി.
നമുക്കിത് നോക്കാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും വണ്ടി മുന്നോട്ട്
പോയി.ആദ്യമായിട്ടാണ് ബാബുവേട്ടന് ചരിപരിചിതമായ ഊടുവഴികളിലൂടെ അവൻ പോകുന്നത്.മൂന്നാമൊതൊരു വഴിയെക്കുറിച്ച് ബാബുവേട്ടൻ പറഞ്ഞത് അവന് തീരെ മനസ്സിലായില്ല. ഇടയ്ക്കിടെ മുറിയുന്ന ബാബുവേട്ടന്റെ ശബ്ദത്തിൽ അവന് അന്ന് ഒന്നും മനസ്സിലായില്ല. ആകെ മനസ്സിലായത് ബാബുവേട്ടന്റെ വേദനമാത്രമാണ്. ഓഫീസിലെത്തുമ്പോൾ അവന്റെ ഹൃദയം കണ്ണീർ നിറഞ്ഞ് വീർപ്പുമുട്ടിയിരുന്നു.
എന്നായിരുന്നു ബാബുവേട്ടനെ അവൻ നേരിൽ കണ്ടത്. നാലുവർഷം കഴിയുന്നു
ഇവിടെ എത്തിയിട്ട്. കുഗ്രാമത്തിൽ നിന്ന് വളരെ വേഗം ഹൈടെക് നഗരത്തിന്റെ
മുഖം മൂടിയണിഞ്ഞ സ്ഥലമായിരുന്നു അത്. ചുറ്റും കൂടുന്നവരിൽ ഭൂരിഭാഗവും ചൂഷണം മാത്രം കൈമുതലായുള്ള ആൾ രൂപങ്ങളായിരുന്നു.അതുകൊണ്ട് തന്നെ അവൻ പരിചയപ്പെട്ടതും അടുപ്പം സ്ഥാപിച്ചതും വളരെ വിരളം ആളുകളോടായിരുന്നു.അവരെല്ലാം അവന്റെ ജീവിതത്തെ അത്രമേൽ സ്വാധീനിച്ചവരും .
ബാബുവേട്ടനെക്കുറിച്ച് ഓർത്തപ്പോൾ അവന് അന്ന് അധികനേരം ഓഫീസിലിരിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് മുറിയിൽ തിരികെ എത്തണമെന്നായിരുന്നു മനസ്സ് മുഴുവൻ. നിറയെ അറിയില്ലെങ്കിലും എന്തെങ്കിലും ബാബുവേട്ടനെക്കുറിച്ച്
എഴുതിക്കഴിഞ്ഞാലെ മനസിലെ അസ്വസ്ഥത മാറുകയുള്ളൂ എന്ന് അവന് തോന്നി.
രാവിലെ, നടത്തം കഴിഞ്ഞ് പതിവു ചായക്കടയിലെ ചൂട് ഉഴുന്നുവട കഴിക്കുമ്പോഴാകണം ബാബുവേട്ടനെ ആദ്യം കണ്ടത്.പിന്നീട് അദ്ദേഹത്തിന്റെ വേഷവും ഭാവവും നടത്തവും പ്രത്യേക രീതിയിലുള്ള സൈക്കിൾ യാത്രയും ശ്രദ്ധിച്ചു. വർഷങ്ങളിലൂടെ ചിരിയും പരിചയുവും കൂടി. അങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്കിടയിലാണ്
വാടക വീട് വേണമെന്ന ആവശ്യം അവൻ ബാബുവേട്ടനോട് പറഞ്ഞത്. ഉടനെ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ബാബുവേട്ടൻ അവന് നേരെ ഒരു ബിസിനസ് കാർഡ് നീട്ടി. അതിലെ പേര് വായിച്ച് അവൻ ബാബുവേട്ടന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി.
'അതേ മീശ പറഞ്ഞുവെന്ന് പറഞ്ഞാൽ മതി', എന്ന് പറഞ്ഞ് ബാബുവേട്ടൻ സൈക്കിളിനടുത്തേക്ക് നടന്നകുന്നുപോയിട്ടും അവൻ ആ പേരിലെ കൗതുകത്തിൽ നിന്ന് പുറത്ത് വന്നില്ല.
മീശ ബാബുവെന്നായിരുന്നു ആ കാർഡിലെ പേര്.
മീശയെന്ന് പറയത്തക്ക വിവാദ മീശയൊന്നുമായിരുന്നില്ല ബാബുവേട്ടന് ഉണ്ടായിരുന്നത്.
ബീഡിപ്പുകയേറ്റ് നരച്ചും ചെമ്പിച്ചും വശങ്ങളിലേക്ക് കണ്ണ് കൂർപ്പിച്ച ഒരു സാധാ മീശ, എന്നാൽ ബാബുവേട്ടന്റെ ചെറിയ മുഖത്തിന് ആ മീശ അൽപ്പം വലുതായിരുന്നു.മീശയെ നന്നായി അദ്ദേഹം പരിപാലിച്ചിരുന്നുവെന്ന് ആർക്കും ബോധ്യമാകും.നന്നായി വെട്ടിയൊതുക്കി അറ്റമൊക്കൊ നന്നായി കൂർപ്പിച്ചാണ് അദ്ദേഹം മീശ പരിപാലനം നടത്തിയിരുന്നത്.അതുകൊണ്ട് തന്നെയാകണം സ്വന്തം പേരിനൊപ്പം മീശയെന്ന് ചേർത്തത്.
ദീവസങ്ങളുടെ ഇടവേളകളിൽ ബാബുവേട്ടനെ കാണുകയും എന്തെങ്കിലുമൊക്കെ സംസാരിക്കുകയും ചെയ്യുക അവന്റെ പതിവായി. ഒരു ദിവസം സമീപത്തെ ലവൽ ക്രേസിനപ്പുറമുള്ള ഒരു വീട്ടിലേക്ക് അദ്ദേഹം അവനെ കൂട്ടിക്കൊണ്ടു പോയി,അവന്റെ ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. ആ യാത്രയ്ക്കിടെയാണ് ബാബുവേട്ടൻ ഒരു അനുഭവം പറഞ്ഞത്.
പേരുകേട്ട കുടിയനായിരുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു ആ കഥ പറഞ്ഞത്. നാട്ടിൽ മെക്കാട് പണിയും തടിപ്പണിയും ചെയ്തും കരാർ എടുത്തും നടന്നിരുന്ന ബാബുവേട്ടൻ ചെറുപ്പ കാലത്ത് ദുബായിൽ പോയിരുന്നു. ജോലിക്കാണ് പോയതെങ്കിലും ആകെ പൊല്ലാപ്പുകളും ചുമന്നാണ് മടങ്ങി വന്നത്.കൊടുത്തതിന് ഒത്ത് ഒന്നും കിട്ടിയില്ലെന്ന് ബാബുവേട്ടൻ എല്ലാവരോടും പറഞ്ഞിരുന്നു. അല്ലെങ്കിലും കൊടുക്കന്നതിനൊത്ത് തിരിച്ചു കിട്ടാൻ ഇത് നല്ല കാലമല്ലെന്ന് ബാബുവേട്ടന് അറിയാമായിരുന്നു.
മണൽക്കാട്ടിലെ ഒറ്റപ്പെട്ട തുരുത്തിലായിരുന്നു ജോലി, ആടുജീവതത്തോട് അടുത്ത് നിൽക്കുന്ന ദുരിതം. കിലോമീറ്ററുകൾ പരന്നുകിടക്കുന്ന മണൽക്കാട്ടിലെ ടെന്റിനുള്ളിൽ ബാബുവേട്ടൻ അറബി അറിയാതെ വാറ്റു തുടങ്ങി, ബാറ്ററിയും ഈന്തപ്പഴവും ഇട്ടായിരുന്നു വാറ്റ്, സ്വന്തം വാറ്റു ശാലയിൽ വാറ്റിയെടുത്ത
സ്വയമ്പൻ സാധനം ആദ്യം കുടിച്ച് പെരുപ്പുറപ്പിച്ച ബാബുവേട്ടൻ മണൽ
ക്കാട്ടിലെ മറ്റ് മലയാളി കുടിയന്മാർക്ക് അൽപ്പ സ്വൽപ്പമൊക്കെ വിൽക്കാനും തുടങ്ങി, ഇത്തിരി ദിർഹം മോഹിച്ച് വാറ്റു നടത്തിയ ബാബുവേട്ടനെ സുഹൃത്തായ മലയാളി തന്നെയാണ് ഒറ്റിയത്.എത്ര ചോദിച്ചിട്ടും അയാളുടെ പേര് വെളിപ്പെടുത്താൻ ബാബുവേട്ടൻ തയ്യാറായിരുന്നില്ല.കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന തത്വശാസ്ത്രം പറഞ്ഞാകും ആ പേര് വെളിപ്പെടുത്തുന്നിതിൽ നിന്ന് ബാബുവേട്ടൻ പിന്മാറുക. അവന് ദൈവം കൊടുക്കും എന്ന് ചുണ്ടിലെ ബീഡിപ്പുകയ്ക്കൊപ്പം ആകാശത്തേക്ക് പ്രാർത്ഥന ഊതി വിടും.അതായിരുന്നു ബാബുവേട്ടൻ.
ഒറ്റുകാരൻ ചെയ്ത ചതിയുടെ മുപ്പത് ചൂരൽപ്പാട് ബാബുവേട്ടന്റെ മെലിഞ്ഞ ശീരീരത്തിൽ ഇപ്പോഴും തിണർത്തു കിടപ്പുണ്ടത്രേ. കോടതി ശിക്ഷിച്ചത് മുപ്പത് അടിക്കാണ്, മുപ്പതും അവർ ഒരുമിച്ച് അടിക്കില്ല, ചിലപ്പോൾ ഒന്ന്,മറ്റ് ചിലപ്പോൾ അഞ്ച്,അങ്ങനെ ഒരു മാസം കൊണ്ടാണ് മുപ്പത് അടി ശിക്ഷ ബാബുവേട്ടൻ അറബി നാട്ടിൽ അനുഭവിച്ച് തീർത്തത്.
ശിക്ഷ കഴിഞ്ഞതും തൊട്ടടുത്ത ദിവസത്തെ എയർ ഇന്ത്യാ വിമാനത്തിൽ എംബസിക്കാർ ബാബുവേട്ടനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിവിട്ടു. അവിടെന്ന് വീണ്ടും തന്റെ പണിയായുധങ്ങൾ പൊടിതട്ടിയെടുത്ത് കരാർപ്പണികൾഏറ്റെടുത്ത് ചെയ്ത് തുടങ്ങിയ ഒരു നട്ടുച്ചയ്ക്കാണ് അത് സംഭവിച്ചത്.
നന്നെ ചെറു പ്രായത്തിൽ നാല് അറ്റാക്ക് കഴിഞ്ഞു. ഇനിയും വരുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ വീണ്ടും വീണ്ടും ബീഡി വലിക്കുന്നത് നിറുത്തിക്കൂടെ എന്ന് അവൻ ചോദിച്ചിരുന്നു. വരാനുള്ളത് വരട്ടെ നമുക്ക് ഇങ്ങനെ മുന്നോട്ട് പോകാം, ബാബുവേട്ടൻ ജീവതത്തിന്റെ വഴി പറഞ്ഞു തരുകയായിരുന്നു. ആ വഴിയുടെ അവസാനത്തെ വീട്ടിലാണ് ഇപ്പോൾ അവൻ താമസിക്കുന്നത്. ആ വീട്ടിലെ വരാന്തയിലെ തിരുഹൃദയ ചിത്രം നോക്കിയാണ് നന്മ നിറഞ്ഞവന്റെ ആത്മാവിന് സ്വസ്ഥി കൊടുക്കണേ എന്ന് രാവിലെ പ്രാർത്ഥിച്ചത്.
ജോയ് തമലം

Comments
Post a Comment